index

നീ കൊന്നില്ലെങ്കിലും അവന്‍ മരിക്കും!

ഇന്നത്തെ സൗദി അറേബ്യയിലെ തൗഹീദി രാഷ്ട്രത്തിന്റെ സ്ഥാപനത്തില്‍ മുഖ്യ പങ്കു വഹിച്ച മുജദ്ദിദ്, മൂഹമ്മദ് ബ്നു അബ്ദില്‍ വഹ്ഹാബ് റഹിമഹുല്ലായുടെ സന്തതി പരമ്പര ഇന്നുവരേക്കും ഉലമാക്കളെക്കൊണ്ട് പ്രൗഢമാണ്.
അക്കൂട്ടത്തില്‍ പ്രമുഖനാണ് ചരിത്രപുരുഷന്റെ പേരക്കുട്ടിയായ മുഹദ്ദിഥ്, അല്ലാമാ സുലൈമാന്‍ ഇബ്നു അബ്ദില്ലാഹിബ്നി മുഹമ്മദിബ്നി അബ്ദില്‍ വഹ്ഹാബ് റഹിമഹുല്ലാഹ്.

തന്റെ പിതാ മഹന്റെ അതിപ്രശസ്ത ഗ്രന്ഥമായ കിതാബുത്തൗഹീദിന് ഇദ്ധേഹം രചിച്ച്, പാതിയില്‍ നിര്‍ത്തിയ ‘തയ്സീറുല്‍ അസീസില്‍ ഹമീദ് ശര്‍ഹു കിതാബിത്തൗഹീദ്’ എന്ന വ്യാഖ്യാനഗ്രന്ഥം പ്രസ്തുത ഗ്രന്ഥത്തിന്റെ ഏറ്റവും പഴയ വ്യാഖ്യാനമാണ്.
ആയുസ്സിന്റെ നാലാം ദശകത്തില്‍ തന്നെ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ധീരമരണം വരിച്ചതിനാല്‍ അദ്ധേഹത്തിന് അത് പൂര്‍ത്തീകരിക്കാന്‍ സാധിച്ചില്ല.

പിന്നീട് അദ്ധേഹത്തിന്റെ പിതൃസഹോദരപുത്രനും , ഇബ്നു അബ്ദില്‍ വഹ്ഹാബിന്റെ മറ്റൊരു പേരക്കുട്ടിയുമായ അല്ലാമാ അബ്ദുര്‍റഹ്മാന്‍ ബിന്‍ ഹസന്‍ ആലുശ്ശൈഖ് റഹിമഹുല്ലാഹ് ‘ഫത്ഹുല്‍ മജീദ് ശര്‍ഹു കിതാബിത്തൗഹീദ്’ എന്ന പേരില്‍ പ്രസ്തുത ഗ്രന്ഥം പൂര്‍ത്തീകരിച്ചു.

സുലൈമാന്‍
റഹിമഹുല്ലായെക്കുറിച്ച് ജീവചരിത്രങ്ങളില്‍ കാണുന്നത്, അല്ലാഹുവുമായി സദാ ബന്ധപ്പെട്ടു ജീവിച്ച മഹാന്‍ , ആരെയും പേടിക്കാതെ നന്മ കല്‍പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്ത ആദര്‍ശധീരന്‍ എന്നൊക്കെയാണ്.

അദ്ധേഹത്തിന്റെ ഈ വ്യക്തിത്വം സ്വാഭാവികമായും പുരോഹിതന്മാരുടെ ശത്രുത പിടിച്ചു പറ്റി.
അവര്‍ തൗഹീദിന്റെ ആ ധീരസിംഹത്തെ ഇല്ലാതാക്കാന്‍ തന്ത്രങ്ങള്‍ മെനഞ്ഞു. തുര്‍ക്കീ രാജവംശത്തിന്റെ വ്യതിയാനകാലത്തിന്റെ പ്രതിനിധിയായിരുന്ന ഇബ്റാഹീം ബാഷാ എന്ന രാജാവ് പരദൂഷണ പ്രചാരണത്തില്‍ വീണു, ശൈഖ് സുലൈമാന് വധശിക്ഷ വിധിച്ചു.

കുരിശില്‍ തറച്ച ശേഷം ചുറ്റുപാടും സംഗീതോപകരണങ്ങള്‍ വായിച്ച് അദ്ധേഹത്തെ മാനസികമായി പീഡിപ്പിച്ച ശേഷം സൈനികര്‍ നാലുപാടും നിന്ന് നിറയൊഴിച്ചു. ആ മുവഹ്ഹിദിന്റെ മൃദദേഹം മണലില്‍ നിന്ന് പെറുക്കിയെടുക്കേണ്ടി വന്നുവത്രെ!

ഈ കൊടും ഭീകരതയുടെ ചരിത്രം വിവരിച്ച ശേഷം നജ്ദിന്റെ ചരിത്രകാരനും പണ്ഡിതനുമായിരുന്ന അല്‍ അല്ലാമ അല്‍ ഫഖീഹ് അബ്ദുല്ലാഹ് ആലുബസ്സാം റഹിമഹുല്ലാഹ് പറഞ്ഞു, കൊല ചെയ്ത ശേഷം ഇബ്റാഹീം ബാഷാ ശൈഖ് സുലൈമാന്റെ പിതാവും പണ്ഡിതവൃദ്ധനുമായ ശൈഖ് അബ്ദുല്ലാഹിബ്നു മുഹമ്മദിബ്നി അബ്ദില്‍ വഹ്ഹാബിനെ സന്ദര്‍ശിക്കുകയും തന്റെ പ്രതികാരനടപടിയില്‍ വീമ്പിളക്കുകയും ചെയ്തു. മകന്‍ നഷ്ടപ്പെട്ട ആ വൃദ്ധ പിതാവ് പറഞ്ഞു, “നീ കൊന്നില്ലെങ്കിലും അവന്‍ മരിക്കും!”

രാജാവിന്റെ മനസ്സില്‍ ഈ വാക്കുകള്‍ പ്രകമ്പനം കൊണ്ടു.

തൗഹീദിന്റെ ശബ്ദം കെടുത്തിയതില്‍ അഭിനന്ദിക്കാനെത്തിയ ഖബ്റാരാധകരായ ആസ്ഥാനപണ്ഡിതന്മാരോട് അദ്ധേഹം പറഞ്ഞു, “നിങ്ങളൊന്നുമല്ല പണ്ഡിതന്മാര്‍. നജ്ദിലെ മരുഭൂമികളിലാണ് പണ്ഡിതന്മാരുള്ളത്!”

അവലംബം :
(علماء نجد من خلال ثمانية قرون للعلامة الفقيه مؤرخ نجد الشيخ عبد الله بن عبد الرحمن آل بسام رحمه الله )

ساجد ابن شريف

Add a Comment

Your email address will not be published. Required fields are marked*