ദുൽ ഹിജ്ജ 9

No Comment
Hajj
516
0
20180823_132538.jpg

യൗമുൽ അറഫ :

അറഫയിൽ നിൽക്കുന്ന തന്റെ അടിമകളെകൊണ്ട് അല്ലാഹു അഭിമാനം കൊള്ളുന്ന മഹത്തായ ദിവസം. അറഫാ ദിവസത്തേക്കാൾ അല്ലാഹു തന്റെ അടിമകളെ നരകത്തിൽ നിന്നും മോചിപ്പിക്കുന്ന മറ്റൊരു ദിവസവുമില്ല. നബി ﷺ പറഞ്ഞു അറഫയിലെ പ്രാർത്ഥനയാണ് പ്രാർത്ഥനകളിൽ ഉത്തമമായത്. പ്രാർത്ഥനക്ക് ഉത്തരം ലഭിക്കുന്ന ഏറ്റവും മഹത്തായ സന്ദർഭം. ഹാജിമാർക്ക് അല്ലാഹു തൗഫീഖ് നൽകട്ടെ.
അന്നേ ദിവസം ഹാജിമാർ ചെയുന്ന അമലുകൾ ചുരുക്കി വിവരിക്കുകയാണ്.

◆മിനയിൽ സുബ്ഹി നമസ്കരിച്ചു സൂര്യൻ ഉദിച്ചതിനു ശേഷം അറഫയിലേക്ക് നീങ്ങിത്തുടങ്ങാം. തൽബിയ്യത്തും തക്ബീറും പുരുഷന്മാർ ഉച്ചത്തിൽ ചൊല്ലികൊണ്ടാണ് നടക്കേണ്ടത്.

◆പ്രയാസകാരമല്ലായെങ്കിൽ സൂര്യൻ മധ്യാഹ്നത്തിൽ നിന്നും തെറ്റുന്നത് വരെ നമിറയിൽ കഴിയുക.ഹറമിനു പുറത്ത്‌ ആയികൊണ്ട് അറഫാത്തിന്റെയും ഇടയിലായികൊണ്ടാണ് ഈ സ്ഥലം.

◆സൂര്യൻ മധ്യാഹ്നത്തിൽ നിന്ന് തെറ്റിയാൽ ഇമാം അറഫാ ഖുതുബ നിർവഹിക്കും. ശേഷം ബാങ്കും ഇഖാമത്തും വിളിച്ച്‌ ദുഹറും ഇഖാമത്ത്‌ വിളിച്ച്‌ അസറും കസ്‌ർ ആക്കികൊണ്ട്‌ രണ്ട് റകഅത്ത്‌ വീതം നമസ്കരിക്കുക.
ജുമുഅ ദിവസമാണ് അറഫാ ദിനം വരുന്നതെങ്കിൽ അവർക്ക് ജുമുഅ നമസ്കരിക്കേണ്ടതില്ല. ദുഹർ നമസ്കരിച്ചാൽ മതി.

◆ശേഷം അറഫയിലേക്ക് വേഗത്തിൽ നീങ്ങുക.
അറഫയിൽ ഖിബ്‌ലക്ക് അഭിമുഖമായി നിന്ന് ദുആ ചെയ്ത് കൊണ്ട് ഹാജിമാർ സൂര്യാസ്തമനം വരെ കഴിച്ചുകൂട്ടുക. അറഫയുടെ അകത്തു നിൽക്കാത്തവർക്ക് ഹജ്ജില്ല. വിശാലമായ അറഫയിൽ കൃത്യമായി സ്ഥാപിച്ചിട്ടുള്ള അതിർവരമ്പിന്റെ അകത്ത് തന്നെ നിൽക്കാൻ ശ്രദ്ധിക്കണം. മുസ്ലിങ്ങൾ ഒരുമിച്ച് കൂടുന്ന ഏറ്റവും മഹത്തായ സന്ദർഭം!
ലോകത്തെമ്പാടും പ്രയാസങ്ങൾ അനുഭവിക്കുന്ന മുഴുവൻ മുസ്ലിം സഹോദരന്മാർക്കും വേണ്ടി പ്രാർത്ഥിക്കുക.

◆സൂര്യാസ്തമനത്തിനു ശേഷം അറഫയിൽ നിന്ന് സാവധാനം മുസ്ദലിഫയിലേക്ക് തിരിക്കുക. തൽബിയ്യത്തുകൾ ചൊല്ലുക.
അവിടെയെത്തിയാൽ മഗ്രിബും ഇശാ യും ജംഉം കസ്റും ചെയ്ത് കൊണ്ട് നമസ്കരിക്കുക. തിരക്ക് കാരണം മുസ്ദലിഫയിൽ അർദ്ധരാത്രിക്ക് മുമ്പായി എത്താൻ സാധിക്കുന്നില്ലയെങ്കിൽ വഴിയിൽ നിന്ന് തന്നെ നമസ്കരിക്കുക. എന്തെന്നാൽ നമസ്കാരം അതിന്റെ വഖ്ത്തിൽ നിന്നും തെറ്റിക്കാൻ പാടുള്ളതല്ല.
◆ശേഷം മുസ്ദലിഫയിൽ ഉറങ്ങുകയും അവിടെ നിന്ന് തന്നെ സുബ്ഹി നമസ്‌കരിക്കുകയും ചെയ്യുക.

✍ أبو عمار همراس بن حارث
٨ ذو الحجة ١٤٣٨